സർപ്രൈസ് ഗിഫ്റ്റ്

സംഭവം കഴിഞ്ഞ വർഷം നടന്നതാണു. ഒരവസരം കിട്ടിയപ്പോൾ പറയുആണെന്നേ ഉള്ളു ...

ജനുവരി 17. വിവാഹ വാർഷികം അടുക്കാറായി. ഗിഫ്റ്റ് എന്തേലും വേണോ എന്ന് സന്തതസഹചാരിയോട് ഒരു ചോദ്യം ഉന്നയിച്ചു . സാധാരണ ചോദിക്കാത്തതാണ്, പിന്നെ 6  വര്ഷം കഴിഞ്ഞ സ്ഥിതിക്ക് ഈ വക ആചാരങ്ങൾ നിർത്താമല്ലോ എന്ന് കരുതി ചോദിച്ചതാ. വേണ്ടെന്നുള്ള ഉത്തരം കിട്ടി... സദാമാനമായി ...

വിവാഹ വാർഷികത്തിന്റെ അന്ന് രാവിലെ എണീറ്റ് ഭാര്യയോട് വിവാഹ വാര്ഷികാശംസകൾ കൊടുത്തു. അവൾ പറഞ്ഞു : ആ അലമാര ഒന്ന് തുറന്ന് നോക്ക്. ചുമ്മാ ഒന്ന് ചെന്ന് തുറന്നപ്പോൾ ദേ  കിടക്കുന്നു ഒരു പുതിയ കുർത്ത. ചെകിട്ടത്തു അടി കൊണ്ട് പൊന്നീച്ച പറന്ന അവസ്ഥ ആയി. പിന്നെ പരാതിപെട്ടി തുറന്നു.

വേറെ വഴി ഇല്ലാത്തത് കൊണ്ട് പിള്ളേരെ സ്കൂളിൽ വിട്ടു ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഞാനും ഇറങ്ങി ഗിഫ്റ്റ് വാങ്ങാൻ. കൊണ്ട് കൊടുത്തു എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. അന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു. ഇങ്ങനൊരു അവസ്ഥ ഇനി വരരുത്. എത്ര വര്ഷം കഴിഞ്ഞാലും വിവാഹവാർഷികം വിവാഹവാർഷികം തന്നെ ആണ്. ഗിഫ്റ്റ് നിര്ബന്ധവും.

ഒരു 9 മാസം കഴിഞ്ഞു. നവംബർ...

രാവിലെ അമ്പലത്തിൽ പോണമെന്നു ഭാര്യ പറഞ്ഞു. സീസണൽ ഭക്തിയിൽ കുറച്ചു വിശ്വാസമുള്ളതു കൊണ്ട് കൊണ്ട് പോകാമെന്നു ഏറ്റു.

ഡ്രസ്സ് ചെയ്തു വന്നപ്പോൾ ഒരു ചോദ്യശരം നെഞ്ചത്തോട്ട്  : ഈ ഒരു മാസമായി അലക്കാത്ത ജീൻസ്‌ ഇട്ടൊണ്ടാണോ മനുഷ്യാ അമ്പലത്തിൽ വരുന്നത്...പോയി വേറെ ഇട്ടോണ്ട് വന്നേ...

ജീന്സിന്റെ മാഹാത്മ്യം ഒന്ന് പറഞ്ഞു കൊടുക്കണോ എന്ന് ചിന്തിച്ചു... എന്നിട്ടു ആ ചിന്ത പൂട്ടിക്കെട്ടി ജീൻസിന്റെ പോക്കറ്റിൽ തന്നെ ഇട്ടു.. ദേ ഒരു 5 മിനിറ്റ്.. ഇപ്പൊ സെറ്റ് ആക്കാമെന്നു പറഞ്ഞു അലമാര തുറന്നു.

വേറെ ഡ്രസ്സ് തപ്പുമ്പോൾ ദേണ്ടെ കിടക്കുന്നു ഒരു പുതിയ ഷർട്ട്. ഒരു 9 മാസം മുൻപ് പറന്ന പൊന്നീച്ച ദേണ്ടെ അലമാരെടെ സൈഡിൽ പറക്കാൻ റെഡി ആയി നിൽക്കുന്നു. എന്നാ പിന്നെ ഇതൊന്നു ഡീകോഡ് ചെയ്യാമെന്ന് കരുതി.

നവംബർ മാസം. എന്താണ് പ്രത്യേകത ?? അവളുടെ ബർത്ഡേയ് ഒക്ടോബർ. അത് കഴിഞ്ഞ സ്ഥിതിക്ക് അതല്ല..അല്ലേലും അതിനു എനിക്കല്ലല്ലോ വാങ്ങേണ്ടത്...

ഇനി എന്റേതാണെൽ ഏപ്രിൽ. അതും അല്ല.

വിവാഹ വാർഷികമല്ല. അതിനിനീം സമയം ഉണ്ട്.

എൻഗേജ്മെന്റ് വാർഷികം ??? അതും ആഗസ്റ്റോ സെപ്റ്റംബറോ മറ്റോ ആണു.

ഒരു രക്ഷയും ഇല്ല. തല ഒന്നുയർത്തി നോക്കിയപ്പോൾ പൊന്നീച്ച അണ്ണൻ പറക്കാൻ റെഡി...

രണ്ടും കല്പിച്ചു സഹധര്മിണിയോട് തന്നെ ചോദിച്ചു : അതേയ് ഇന്നത്തെ ദിവസത്തെ പ്രത്യേകത എത്ര ആലോചിച്ചിട്ടും കിട്ടാനില്ല. എന്തിനാണ് എനിക്ക് പുതിയ ഡ്രസ്സ് വാങ്ങിയതെന്ന് ഒന്ന് പറഞ്ഞെ. നിനക്കുള്ളത് ഇന്ന് തന്നെ വാങ്ങാം.

ലെ അവൾ : യേത് ഡ്രസ്സ്. ഇന്നൊരു പ്രത്യേകതയും ഇല്ലല്ലോ .....

ഞാൻ ആ ഡ്രസ്സ് കൊണ്ട് കാണിച്ചു : ഉടനെ പ്രിയതമ ആ നഗ്നസത്യം പറഞ്ഞു ..

ദേ മനുഷ്യാ .. ഇത് നിങ്ങൾ ഈ കഴിഞ്ഞ ഓണത്തിന് വാങ്ങിയ ഡ്രസ്സ് ആണ്. ഇത്രയ്ക്ക് ബോധമില്ലേയ്. എന്തായാലും ഇനി  ഇത് ഇട്ടോണ്ട് അമ്പലത്തിൽ പോകാം .... പിന്നെ പറഞ്ഞ പോലെ തന്നെ എനിക്കുള്ള ആ ഡ്രെസ്സും കൂടെ ഇന്ന് വാങ്ങാം കേട്ടോ..

ഞെട്ടി നിന്ന ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.. ദേണ്ടെ ആ പൊന്നീച്ച അടുത്തേയ്ക്ക് വരുന്നു ....

Comments

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life